English| മലയാളം

ആമുഖം

തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴ് താലൂക്കിലാണ് വര്‍ക്കല നഗരസഭ സ്ഥിതി ചെയ്യുന്നത്. 33 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന വര്‍ക്കല നഗരസഭയ്ക്ക് 15.42 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഇടവ, ഇലകമണ്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെറുന്നിയൂര്‍, വെട്ടൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്  മുനിസിപ്പാലിറ്റിയുടെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ സമതലം, കുന്നിന്‍ പുറം, ഉയര്‍ന്ന സമതലം, താഴ്ന്ന പ്രദേശം, താഴ്ന്ന വയല്‍, ചെരിവുള്ള പ്രദേശം എന്നിങ്ങനെ ആറായി തരം തിരിക്കാം. മുന്‍സിപ്പാലിറ്റിയുടെ ഏകദേശം 1 ചതുരശ്രകിലോമീറ്ററോളം സമുദ്രതീരവും ബാക്കി ഇടനാടും ആകുന്നു. ഇടനാട് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, വളമുളള മണ്ണ്, മണല്‍, പശിമരാശിമണ്ണ്, കളിമണ്ണ് കലര്‍ന്ന മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്. 1941 മുതല്‍ 1980 വരെ പഞ്ചായത്തായിരുന്ന വര്‍ക്കല പ്രദേശം 1980 മെയ് മാസത്തിലാണ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്. 1988-ല്‍ നടന്ന ആദ്യത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എം.എന്‍.ത്യാഗരാജന്‍ മുന്‍സിപ്പല്‍ ചെയര്‍മാനായുള്ള ഭരണസമിധി അധികാരമേല്‍ക്കുകയുണ്ടായി.
 

PMAY
map