സാമൂഹ്യ-സാംസ്കാരിക ചരിത്രം
ബ്രഹ്മാവില്‍ നിന്നുണ്ടായ ശാപത്തില്‍ നിന്നും, ദേവഗണങ്ങള്‍ക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകര്‍മ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാന്‍ നാരദമഹര്‍ഷി തന്റെ വല്‍ക്കലം ഊരിയെറിയുകയും, അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തുവെന്നും അങ്ങനെ നാരദന്റെ വല്‍ക്കലം പതിച്ച നാട് ആണ് വര്‍ക്കല എന്നു വിളിക്കപ്പെട്ടതെന്നും പാപനാശകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടല്‍ത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. സാമൂഹിക പരിഷ്ക്കര്‍ത്താവായ ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ അന്തിമകാലത്ത് പ്രധാന കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തത് വര്‍ക്കലയിലെ ശിവഗിരിക്കുന്ന് ആണ്. സ്വാതന്ത്ര്യസമരകാലത്തെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഈ പ്രദേശത്തു നിന്നും നിരവധി പേര്‍ സജീവമായി പങ്കെടുക്കുകയണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവന്‍, വെട്ടൂര്‍ നാരായണന്‍ വൈദ്യര്‍, എന്‍.കുഞ്ഞുരാമന്‍, കൊച്ചു കൃഷ്ണന്‍ എന്നിവര്‍. വര്‍ക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. ആര്‍ പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. 1877 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ റ്റി.എസ് കനാലിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ വേണ്ടി ഇതുവഴി രണ്ടു തുരങ്ക ജലപാതകള്‍ നിര്‍മ്മിക്കുകയുണ്ടായി. വര്‍ക്കല തുരപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രസ്തുത തുരങ്കങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. അഞ്ചുതെങ്ങില്‍ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാര്‍ഗ്ഗം നൂറ്റാണ്ടു മുമ്പ് റ്റി.എസ് കനാലിലൂടെയായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്. ഇതുമൂലം ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ഈ പ്രദേശത്തിന്റെ വളര്‍ച്ചക്ക് സഹായകമാവുകയും ചെയ്തു. ഒരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമാണ് വര്‍ക്കല നഗരം. അഞ്ചുതെങ്ങു നിന്നും പാപനാശം വരെ മനോഹരമായ കടല്‍ത്തീരമാണ്.